Tuesday, October 2, 2007

തെറ്റിദ്ധരിക്കപ്പെട്ട മതം

"ഇസ്ലാം മത വിശ്വാസികള്‍ അസഹിഷ്ണുക്കളും തീവ്രവാദികളുമാണ്‌. അവര്‍ അക്രമം പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു."

ലോകത്തങ്ങോളമിങ്ങോളം ഇന്ന് പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതില്‍ ഏറിയ പങ്കും വഹിക്കുന്നത്‌ പാശ്ചാത്യലോകത്തെ മാധ്യമങ്ങള്‍ തന്നെയാണ്‌. അവര്‍ നല്‍കുന്ന നിറം പിടിപ്പിച്ച വാര്‍ത്തകളില്‍ മുഴച്ചു നില്‍ക്കുന്ന ഇസ്ലാമിക വിദ്വേഷം, എന്തിനും ഏതിനും പിന്നില്‍ ഇസ്ലാമാണെന്നുള്ള ചാപ്പ കുത്തലിലേക്കു നീളുന്നു.

വെറുക്കപ്പെടുകയും അപരനാക്കപ്പെടുകയും ചെയ്യപ്പെടുന്നവന്‌ താന്‍ വെറുക്കപ്പെടാനുള്ള കാരണമറിയാനുള്ള അവകാശമുണ്ടെന്നുള്ള തിരിച്ചറിവില്‍ നിന്നു കൊണ്ട്‌, പാശ്ചാത്യനെ വിറളി പിടിപ്പിക്കുന്ന ഈ ഇസ്ലാമിക വിദ്വേഷത്തിന്റെ വേരുകള്‍ തേടി പോകുക എന്ന ഒരു ഇസ്ലാം മത വിശ്വാസിയുടെ ഔത്സുക്യമാണ്‌ ഈ ചെറു ലേഖനത്തിന്റെ പിറവിക്കാധാരം.

വെറുക്കപ്പെടുന്ന അപരനെ മനുഷ്യത്വരഹിതനാക്കാനുള്ള ഒന്നാമത്തെ പടി അവനെ ചില ആവര്‍ത്തനശൈലികളിലേക്കും ബിംബങ്ങളിലേക്കും, സങ്കല്‍പ്പങ്ങളിലേക്കും ചുരുക്കലാണ്‌. ഇത്‌ അപരന്‍ എന്ന ശത്രുവിനെ സാംസ്കാരികമായും, ശാരീരികമായും, മാനസികമായും നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍ എതിരാളിയെ ഭള്ളു പറഞ്ഞ്‌ കണ്ണ്‌ പൊട്ടിക്കുക എന്നത്‌ പോലെയുള്ള ഒരു സാമാന്യ തന്ത്രമാണിത്‌.

ഇസ്ലാമിക ഭീകരത എന്ന ആശയം ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി മാത്രം പാശ്ചാത്യബുദ്ധിജീവികളും, വാര്‍ത്താമാധ്യമങ്ങളും അനുദിനം പ്രയോഗിക്കുന്ന ചില ആരോപണ സാങ്കേതിക പദാവലികളാണ്‌, അഥവാ ഭള്ളു വിളികളാണ്‌ മതമൌലികവാദം(fundamenatlism), സമഗ്രാധിപത്യ വാദം (Totalitarianism), മിഡീവലിസം, സാംസ്കാരിക സംഘട്ടനം, ജിഹാദ്‌, ഭീകരവാദം (Terrorism). പദാവലികളുടെ പട്ടിക പ്രതിദിനം നീണ്ട്‌ കൊണ്ടേയിരിക്കുന്നു.

തെറി വിളിക്കുന്നവര്‍ അര്‍ത്ഥമറിഞ്ഞ്‌ വിളിക്കാന്‍ മെനക്കെടാത്തത്‌ പോലെ, ഇത്തരം വാചാടോപങ്ങളിലൊരിക്കലും വിളിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാനിവര്‍ മെനക്കെടുന്നുമില്ല.

തനിക്ക്‌ അന്യമായതെന്തും പാശ്ചാത്യലോകത്തിന്‌ അപരന്മാരാണ്‌. ലോകം ഭരിക്കാന്‍ കൊതിക്കുന്ന പാശ്ചാത്യലോകത്തിന്‌, എല്ലാ അപരന്മാരും തങ്ങള്‍ക്ക്‌ ഭീഷണിയാണെന്ന് മാത്രം കരുതുന്നു. പൌരസ്ത്യലോകത്തിലെ ഒരു നിര്‍ണ്ണായക സ്വാധീന ശക്തി എന്ന നിലക്ക്‌ ഭൌമശാസ്ത്രപരമായി അറബ്‌ ലോകത്തേയും, സാംസ്കാരികമായി ഇസ്ലാം എന്ന മതത്തേയും ഭയക്കേണ്ടതാണെന്നും അവര്‍ അന്ധമായി വിശ്വസിക്കുന്നു.

ഭീകരതയും, മതതീവ്രവാദവും, ഹിംസയും, സ്വാതന്ത്ര്യത്തോടുള്ള വെറുപ്പും, അസ്ഥിരതയും, ആഭ്യന്തര കലാപങ്ങളും, സമൂലനാശകാരികളായ ആയുധങ്ങളും മൂലം അറബ്‌ ലോകം ലോക സുരക്ഷക്കു ഭീഷണിയാണെന്നു അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യലോകം ആരോപിക്കുന്നു.

അങ്ങനെ അമേരിക്ക നിര്‍വ്വചിക്കുന്ന "നാം" എന്ന "നന്മ'യുടെ ശക്തി അപരന്മാരുടെ തിന്മയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ സദാ വ്യാപൃതരായിരിക്കുന്ന കാഴ്ചയാണ്‌ ലോകം കണ്ട്‌ കൊണ്ടിരിക്കുന്നത്‌. അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമുള്ള 132 രാജ്യങ്ങളിലെ സൈനികരും അറിഞ്ഞും അറിയാതെയും ഈ പോരാട്ടത്തില്‍ ഭാഗഭാക്കുകളുമാണ്‌.

എന്തായിരിക്കാം അറബ്‌ ലോകത്തോടുള്ള അമേരിക്കന്‍, യൂറോപ്യന്‍ സഖ്യത്തിന്റെ കുടിപ്പകയുടെ മൂലകാരണങ്ങളെന്ന് അന്വേഷിക്കുന്നത്‌ ജിജ്ഞാസുവായ ഏതൊരു നിരീക്ഷകന്റേയും ലക്ഷ്യമായിരിക്കും.ചരിത്രവും വസ്തുതകളും വിരല്‍ ചൂണ്ടൂന്നത്‌ രണ്ട്‌ മുഖ്യ കാരണങ്ങളിലേക്കാണ്‌

1. അറബ്‌ ലോകത്തിന്റെ ജൈവ,സാമ്പത്തിക, മാനവിക, ഊര്‍ജ്ജ വിഭവങ്ങളിന്മേലുള്ള ദുഷ്ടലാക്ക്‌

2. ഇസ്ലാം എന്ന മതത്തോടുള്ള അന്ധമായ ഭീതിയും, അതില്‍ നിന്നുളവാകുന്ന വെറുപ്പും, ക്രൈസ്തവമതത്തിനും ആധുനികതക്കും, മുതലാളിത്തത്തിനും അതുയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയേക്കുറിച്ചുള്ള ഭയം.


ഈ രണ്ട്‌ ഭീതികളില്‍ നിന്നാണ്‌ പാശ്ചാത്യന്റെ പൌരസ്ത്യ പഠനം ആരഭിക്കുന്നത്‌. ഈ ചിന്താധാരയെ അവര്‍ "ഓറിയന്റലിസം" എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഓറിയന്റലിസം വിതക്കുന്ന വിഷവിത്തുകളെക്കുറിച്ച്‌ ലോകത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞത്‌ ക്രൈസ്തവമതവിശ്വാസിയും, ആക്ടിവിസ്റ്റുമായ
എഡ്വേര്‍ഡ്‌ സൈദ്‌ എന്ന ചിന്തകനാണ്‌. മരണം വരെ സാമ്രാജ്യത്വത്തിന്റെ കപടതകളോട്‌ പോരാടുകയും, കുടിലതകളെ പുറത്തുകൊണ്ടു വരാനും ശ്രമിച്ചെങ്കിലും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ പതിവു പോലെ വിഴുങ്ങിക്കളയുകയാണുണ്ടായത്‌.

എഡ്വേര്‍ഡ്‌ സൈദ്‌ "Covering Islam എന്ന തന്റെ കൃതിയിലൂടെ ഇസ്ലാമിനെ ഈ ചുറ്റുപാടില്‍ അടുത്ത്‌ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

വി. എസ്‌ നൈപാളിന്റെ പഠനങ്ങളും ഈ നിരീക്ഷണങ്ങളെ ശരി വെക്കുന്നു. (Among the Believers: An Islamic Journey :- by the Nobel laureate V. S. Naipaul.)

സമഗ്രാധിപത്യ വാദം (Totalitarianism)

ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവന്‍, സര്‍വ്വ അധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കണമെന്ന് വാദിക്കുന്നവന്‍ എന്നൊക്കെയാണ്‌ ഈ പദത്തിന്റെ വിവക്ഷ. ഇതിന്റെ സകല ദുരര്‍ത്ഥങ്ങളും ഇസ്ലാമിന്റെ മേല്‍ കെട്ടി വെക്കുന്ന മീഡിയ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയദര്‍ശനങ്ങളെക്കുറിച്ച്‌ അജ്ഞതയില്‍ നിന്നാണ്‌ സംസാരിക്കുന്നത്‌. ഇസ്ലാമിക ചിന്താസ്വാതന്ത്ര്യത്തേയും, രാഷ്ട്രീയ സ്വാതന്ത്ര്യത്തേയും കുറിച്ചു പഠിക്കാന്‍ അവയില്‍ പലതും നിലവിലില്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങളെന്നവകാശപ്പെടുന്ന ചില ഒറ്റപ്പെട്ട രാജ്യങ്ങളെയാണവര്‍ മാനദണ്ഡങ്ങളാക്കുന്നത്‌. പ്രവാചക കാലഘട്ടത്തിലെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്‌ പഠിക്കാനവര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല അഥവാ പഠിക്കാന്‍ ശ്രമിച്ചാല്‍ തന്നെ യൂറോപ്യന്‍ ചിന്തയുടെ സ്വാധീനത്തില്‍ അവയൊന്നും അവരുടെ കണ്ണില്‍പ്പെടുന്നതുമില്ല. ഒറ്റപ്പെട്ട വസ്തുതകളെ സാമാന്യവല്‍ക്കരിക്കുക എന്ന ഓറിയന്റിലസത്തിന്റെ ഗൂഢ തന്ത്രം ഇവിടെയും നിക്ഷ്പക്ഷ പഠനത്തിന്‌ മറയുണ്ടാക്കുന്നു.

മിഡീവലിസം
മിഡീവലിസം എന്ന മധ്യകാലത്ത്‌ പാശ്ചാത്യലോകം, മനുഷ്യാവകാശധ്വംസനത്തിന്റേയും, സ്ത്രീപീഢനത്തിന്റേയും, അക്രമമര്‍ദ്ദനങ്ങളുടേയും കാലമായിരുന്നു. എന്നാല്‍ പൌരസ്ത്യലോകത്ത്‌ ഈ സമയം നവോത്ഥാനത്തിന്റേയും, പുരോഗതിയുടേയും കാലമായിരുന്നു. ഈ അടിസ്ഥാന വസ്തുത പോലും മനസ്സിലാക്കാതെ ആണ്‌ എല്ലാത്തരം പിന്തിരിപ്പന്‍ ചിന്തകളുടേയും ഉറവിടമെന്നോണം പാശ്ചാത്യ ചിന്തകര്‍ ഇസ്ലാമിനെതിരെ ഈ പദം ഉപയോഗിച്ചു പോരുന്നത്‌. സംശയത്തിന്റെ നിഴലില്‍ നിന്നല്ലാതെ നിക്ഷ്പക്ഷപഠനം നടത്തുന്ന ഏതൊരു സത്യാന്വേഷിക്കും ഇതിലെ കപടത മനസ്സിലാക്കാവുന്നതാണ്‌.

സാംസ്കാരിക സംഘട്ടനം (clash of civilization)
ഇസ്ലാമിനെ പടിഞ്ഞാറിന്റെ ശത്രുവായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ പടച്ച മറ്റൊരു വാക്കാണ്‌ സാംസ്കാരിക സംഘട്ടനം. ഇസ്ലാം ഒരു വൈദേശിക സംസ്കാരമാണെന്നും പടിഞ്ഞാറിന്റെ കൂടെ അതിനു പൊറുക്കാന്‍ സാധിക്കുകയില്ലെന്നുമാണ്‌ ചില ബുദ്ധിജീവികളുടെ കണ്ടെത്തല്‍. മാര്‍ക്സിസത്തിനും, ഫാഷിസത്തിനും പുറമെ ഇസ്ലാം ഇവര്‍ക്ക്‌ ഇസ്ലാമിസമാണ്‌. മുതലാളിത്ത മനോഭാവത്തിനും, മെറ്റീരിയലിസത്തിനും, ഉപഭോഗസംസ്കാരത്തിനും, എതിരു നില്‍ക്കുകയും, സാമ്പത്തിക സമത്വത്തിനു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സമഗ്ര ജീവിത പദ്ധതി കാഴ്ച വെക്കുന്ന മതമെന്ന നിലക്ക്‌ ഒരര്‍ത്ഥത്തില്‍ അവരുടെ ആശങ്കകള്‍ അംഗീകരിക്കാവുന്നതാണ്‌. എന്നാല്‍ പൊള്ളയും നിരര്‍ത്ഥകവുമായ ആരോപണങ്ങള്‍ ഇതിന്റെ ബാലന്‍സ്‌ തെറ്റിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ പടിഞ്ഞാറിനെതിരെയുള്ള യുദ്ധമായാണ്‌ പാശ്ചാത്യ ബുദ്ധി ജീവികള്‍ കാണുന്നത്‌.

ഹണ്ടിങ്ങ്‌ടണ്‍ എഴുതുന്നത്‌ കാണുക
" ഇറാന്‍ വിപ്ലവത്തിന്‌ ശേഷം ഇസ്ലാമും പടിഞ്ഞാറും തമ്മില്‍ ഒരു സാംസ്കാരികയുദ്ധം ആരംഭിച്ചതില്‍ അത്ഭുതപ്പെടാനില്ല."(clash of civilization p.216)
ഇത്തരത്തിലുള്ള അബദ്ധജടിലമായ പ്രസ്താവനകളും, വിലയിരുത്തലുകളും ഇസ്ലാം സമാധാന വിരോധിയും ഭീകരവാദ മതവുമാണെന്നുള്ള ധാരണ ബലപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ളവയാണ്‌. മുസ്ലിം-ക്രൈസ്തവ, പൌരസ്ത്യ-പാശ്ചാത്യ സൌഹാര്‍ദ്ദത്തിന്റെ എണ്ണമറ്റ നിദര്‍ശനങ്ങള്‍ ഒരു പാടുണ്ടെങ്കിലും മാധ്യമങ്ങളുടെ പൊതുവായ അവഗണനാ മനോഭാവം കാരണമായി അവയൊന്നും വെളിച്ചം കാണാറില്ല എന്നുള്ളതാണ്‌ സത്യം.

സ്ത്രീയെ കേവലം ഉപഭോഗവസ്തുവും, ലൈംഗികോദ്ദീപക ഉപകരണമായും, പരസ്യബോര്‍ഡായും കാണുകയും, അവളുടെ വസ്ത്രമുരിഞ്ഞ്‌ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച്‌ അതു നോക്കി ഫാഷനും സൌന്ദര്യത്തിനും മാര്‍ക്കിടുന്ന പാശ്ചാത്യലോകത്തെ പുരുഷപ്രജയോടും അവരുടെ കൂടെ അഴിഞ്ഞാടുന്ന സ്ത്രീകളോടും ചോദിക്കുക.
ഇതാണോ സ്ത്രീ സ്വാതന്ത്ര്യം ?

അതോ തന്റെ ശരീരത്തെ മറ്റുള്ളവരില്‍ നിന്നു മറയ്ക്കുകയും ആത്മാഭിമാനത്തോടെയും ബഹുമാനത്തോടെയും പ്രൌഢയായി ജീവിക്കുകയും ചെയ്യണമെന്നനുശാസിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം?

ചിന്തിക്കുക സഹോദരാ.. അവര്‍ ആരെയാണ്‌ വിഢ്‌ഢിയാക്കാന്‍ ശ്രമിക്കുന്നത്‌?

ഭീകരവാദം
ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ഇറാഖിലെ ദേവാലയങ്ങളോ കട കമ്പോളങ്ങളോ തകര്‍ക്കുമ്പോഴോ, ഇസ്രയേല്‍ക്കാരന്‍ ഫലസ്തീനില്‍ വീടുകള്‍ ഇടിച്ചു നിരത്തുമ്പോഴോ, അല്ലെങ്കില്‍ കത്തോലിക്ക .ഐ.ആര്‍.എ ഗറില്ലകള്‍ ലണ്ടനില്‍ ബോംബ്‌ വെക്കുമ്പോഴോ, അല്ലെങ്കില്‍ സെര്‍ബിയന്‍ ഭടന്മാര്‍ നിരപരാധികളെ നിഷ്ഠുരം കൊല ചെയ്യുമ്പോഴോ ഈ ചെയ്തികള്‍ അവരുടെ മതവുമായി ചേര്‍ത്തു വായിക്കപ്പെടുന്നില്ല. മാത്രമല്ല അവരെ ആരും തീവ്രവാദികള്‍ എന്നു മുദ്ര കുത്തപ്പെടുന്നില്ല എന്നുള്ളത്‌ വെറുക്കപ്പെടുന്ന ഈ അപരനെ ആശ്ചര്യപ്പെടുത്തുന്നു. പകരം ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ എത്ര തവണയാണ്‌ ഇസ്ലാമിക ഭീകരവാദത്തിന്റേയും, മുസ്ലിം മത മൌലികവാദത്തിന്റേയും പേരില്‍ എടുത്ത്‌ കാണിക്കപ്പെടുന്നത്‌.

എന്താണ്‌ ഭീകരവാദം?

ഫലസ്തീന്‍ ബലമായി കയ്യേറിപ്പിടിച്ച ജൂത ശക്തിക്കെതിരെ ആ നാട്ടുകാര്‍ നടത്തുന്ന ബലപ്രയോഗമാണോ, അതോ കയ്യേറിയതും പോരാതെ ഫലസ്തീനിലെ സാധാരണ ജനങ്ങളെ നിരന്തരം അക്രമിക്കുന്നതോ ഏതാണ്‌ ഭീകരവാദം?

വിയറ്റ്‌നാമില്‍ 33 ലക്ഷം ജനങ്ങളെ മരണവക്ത്രത്തിലേക്കു വലിച്ചെറിഞ്ഞ അമേരിക്കക്കെതിരില്‍ ആ നാട്ടുകാര്‍ വല്ല അക്രമ പ്രവര്‍ത്തനങ്ങളും നടത്തുകയാണെങ്കില്‍ അത്‌ ഭീകരപ്രവര്‍ത്തനമാകുമോ? അതല്ല അമേരിക്ക നടത്തിയ രക്തച്ചൊരിച്ചിലാണോ ഭീകരപ്രവര്‍ത്തനം!
ഇത്തരം ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ സാമാന്യ ബുദ്ധി മരവിച്ചു പോകുന്നു.

മൌലികവാദം (fundamentalism)
മൌലികവാദം എന്ന പദം പാശ്ചാത്യരുടെ സംഭാവനയാണ്‌.ക്രൈസ്തവ മൌലികവാദികളും, സ്വതന്ത്രചിന്തകരും തമ്മില്‍ പടിഞ്ഞാറ്‌ രൂക്ഷമായ സംഘട്ടനങ്ങള്‍ നടന്നപ്പോള്‍, ബൈബിളിന്റെ പ്രത്യക്ഷാര്‍ത്ഥത്തെ മുറുകെപ്പിടിക്കുകയും അവയ്ക്കെതിരായ ശാസ്ത്ര ഗണിത തത്വങ്ങളെ നിരാകരിക്കുകയും ചെയ്ത മതഭ്രാന്തന്മാരെ കുറിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഈ പദം ഉപയോഗിച്ച്‌ തുടങ്ങിയത്‌. (Islaamophobia: A challenges for us all- by Prof. Gardon Conway p.7)

ഇസ്ലാമില്‍ ഇത്തരമൊരു സംഘട്ടനവും നടന്നിട്ടില്ലെന്ന` മാത്രമല്ല മൌലികവാദമെന്നോ, പരിഷ്കരണ വാദമെന്നോ പറയാവുന്ന സങ്കല്‍പ്പങ്ങളും ഇസ്ലാമിന്‌ അന്യമാണെന്നിരിക്കെ മതമൌലികതയെന്ന കറുത്ത ലേബല്‍ ഇസ്ലാമിന്റെ മേല്‍ എത്ര എത്രത്തോളം അനുയോജ്യമാകുന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.

ഒരു കാര്യം മനസ്സിലാക്കുക. ഇസ്ലാമില്‍ മതമൌലികത എന്നൊന്നില്ല. അടിസ്ഥാന ഇസ്ലാമിക വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തിയ മുസ്ലിംകളെ സംബോധന ചെയ്യാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മെനഞ്ഞെടുത്ത ഒരു വാക്കാണ്‌ ഇസ്ലാമിക മതമൌലികവാദം (islamic fundamentalism).

ഇവിടെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ്‌ കാണിക്കുന്നു എന്നത്‌ പച്ചവെള്ളം പോലെ പരമാര്‍ത്ഥവുമാണ്‌.
സഹിഷ്ണുതയും ദൈവഭക്തിയും വെച്ച്‌ പുലര്‍ത്തുന്ന ഒരു അടിസ്ഥാന മുസ്ലിമിനും തീവ്രവാദിയോ, ഉഗ്രവാദിയോ ആവാന്‍ കഴിയില്ല. കാരണം ഇസ്ലാം സഹനത്തിന്റേയും, സഹിഷ്ണുതയുടേയും, സമത്വത്തിന്റേയും, വിശ്വാസമാര്‍ഗ്ഗമാണ്‌.ഇസ്ലാമില്‍ തീവ്രവാദമില്ല. ഇസ്ലാമിക വീക്ഷണത്തില്‍ എല്ലാ അക്രമങ്ങളും തിന്മയാണ്‌ അവ ചെയ്യുന്ന കുറ്റവാളികള്‍ ശിക്ഷാര്‍ഹരുമാണ്‌.

ഇസ്ലാം സമാധാനത്തിന്റേയും അനുസരണത്തിന്റേയും മതമാണ്‌. അതു അമൂല്യമായ മനുഷ്യജീവിതത്തിനു അത്യന്തം വില കല്‍പ്പിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപ്പിക്കുന്നു
"ആരെങ്കിലും ഒരാളെ കൊലപ്പെടുത്തിയാല്‍ അവന്‍ സകല മനുഷ്യരേയും കൊന്നതു പോലെയാകുന്നു. ആരെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അതു സര്‍വ്വ മനുഷ്യരുടേയും ജീവന്‍ രക്ഷിച്ചത്‌ പോലെയാകുന്നു." (അല്‍ മാഇദ-വാക്യം 32)

ജിഹാദ്‌
ജിഹാദ്‌ എന്നുള്ള വാക്ക്‌ പ്രതിനിധാനം ചെയ്യുന്ന ആശയമാണ്‌ പാശ്ചാത്യ ലോകത്ത്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌. പലരും അത്‌ വിശുദ്ധയുദ്ധം എന്ന പദത്തിനു പകരമായി നിരന്തരം ഉപയോഗിച്ചു വരുന്നു. ഇന്നു ജിഹാദിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആളുകള്‍ ഒസാമാ ബിന്‍ ലാദനേയും ചാവേര്‍ ബോംബാക്രമണങ്ങളേയും കുറിച്ചാണ്‌ ആളുകള്‍ ആദ്യം ഓര്‍ക്കുക. യഥാര്‍ത്ഥത്തില്‍ 'ജിഹാദ്‌' എന്ന വാക്ക്‌ അര്‍ത്ഥമാക്കുന്നത്‌ ദൈവമാര്‍ഗ്ഗത്തില്‍ നടത്തപ്പെടുന്ന ത്യാഗപ്രവര്‍ത്തനങ്ങളാണ്‌. നിത്യജീവിതത്തില്‍ ദൈവപ്രീതിക്കായി ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും ജിഹാദാണ്‌. പൊതു വഴിയില്‍ യാത്രക്കാര്‍ക്ക്‌ തടസ്സമുണ്ടാക്കുന്ന ഒരു കല്ലോ മുള്ളോ നീക്കുന്നത്‌ പോലും ജിഹാദാണ്‌ എന്നറിയുമ്പോള്‍ പലര്‍ക്കും അതൊരു പുതിയ അറിവായിരിക്കും.

ഏറ്റവും വലിയ ജിഹാദെന്നു പറയുന്നത്‌ ആരുടെ മുമ്പിലും കൂസാതെ സത്യം പറയുന്നതാണ്‌. സ്വയം നിയന്ത്രിക്കലും, തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കലും ജിഹാദിന്റെ മഹത്തായ ഒരു തലമാണ്‌. ഈ ജിഹാദ്‌ എന്ന ആശയത്തിന്റെ ഒരു ഭാഗം മാത്രമാണ്‌, ഇസ്ലാമിന്‌ പ്രതിരോധം ആവശ്യമാകുന്ന ഘട്ടത്തില്‍ സായുധമായി പ്രതിരോധിക്കുന്നത്‌. ഇത്‌ മനുഷ്യജന്മസഹജമായ ഒരു അവകാശത്തിന്റെ അനുവദനീയരൂപമാണെന്നതില്‍ ആര്‍ക്കും മനസ്സിലാകുന്ന യുക്തിയുണ്ട്‌.
ഈ തരത്തില്‍ നടത്തപ്പെടുന്ന ജിഹാദിന്റെ സമരരൂപം, നേതാക്കളോ ഇസ്ലാമിക സ്റ്റേറ്റോ പ്രഖ്യാപിക്കുന്നത്‌ ഖുര്‍ആനിന്റേയും നബിവചനങ്ങളുടേയും വിധിവിലക്കുകള്‍ക്കനുസരിച്ചായിരിക്കും.

ഉദാഹരണത്തിനു പ്രവാചകന്‍ നടത്തിയ സമരങ്ങളില്‍, സമാധാനം സ്ഥാപിക്കാനുള്ള അവസാനശ്രമവും ഇല്ലാതാവുമ്പോള്‍ മാത്രമായിരുന്നു സായുധ ജിഹാദ്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌ എന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്‌.

എന്നാലിന്ന് ജിഹാദിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒസാമ ബിന്‍ ലാദനേയും, ചാവേര്‍ ബോംബാക്രമണങ്ങളേയും കുറിച്ചാണ്‌ ആളുകള്‍ ആദ്യം ചിന്തിക്കുക. ഇസ്ലാമികമായി യുദ്ധം ചെയ്യുമ്പോള്‍ പ്പോലും മുസ്ലിംകള്‍ക്ക്‌ ഒരുപാട്‌ നിയന്ത്രണങ്ങളുണ്ടെന്നു മനസ്സിലാക്കുമ്പോഴാണ്‌ ഇസ്ലാമിക ജിഹാദിനെ നാം ശരിക്കും പഠിക്കുന്നത്‌.

കച്ചവടക്കാരേയോ കരാറുകാരേയോ യുദ്ധത്തില്‍ ഉപദ്രവിക്കാനോ വധിക്കാനോ പാടില്ല. അവര്‍ നേരിട്ട്‌ യുദ്ധത്തില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ക്കൂടി..യുദ്ധത്തിനു പ്രാപ്തിയില്ലാത്തവരേയും, സ്ത്രീകളേയും, കുട്ടികളേയും, വൃദ്ധരേയും, ഭൃത്യരേയും, അന്ധരേയും, വികലാംഗരേയും, സന്ന്യാസിമാരേയും, ഭ്രാന്തന്മാരേയും യുദ്ധത്തില്‍ ഉപദ്രവിക്കാന്‍ പാടില്ല. ശാരീരികമായി പ്രാപ്തിയുള്ളവര്‍ തമ്മിലാണ്‌ യുദ്ധം. യുദ്ധതടവുകാരെ ഉപദ്രവിക്കാന്‍ പാടില്ലെന്നു മാത്രമല്ല അയാളുടെ എല്ലാ വിധ സംരക്ഷണവും ഇസ്ലാമിക ജിഹാദ്‌ ഉറപ്പു വരുത്തുന്നു.

ഇനി നിങ്ങള്‍ ചിന്തിക്കുക.
നിങ്ങളിന്നു ചുറ്റും കാണുന്ന ഏത്‌ പോരാട്ടങ്ങളാണ്‌ ഇസ്ലാമിക ജിഹാദിന്റെ പരിധിയില്‍ പ്പെേടുന്നത്‌. തീവ്രവാദികളും, ക്രിമിനലുകളും നടത്തുന്ന അക്രമങ്ങളെ നിങ്ങള്‍ക്കിനി ഇസ്ലാമിക ജിഹാദായി കാണുവാന്‍ കഴിയുമോ?

ഇസ്ലാം ഒരിക്കലും നിരപരാധികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നില്ല.
ഖുര്‍ആന്‍ പറയുന്നു
" നിങ്ങളോട്‌ യുദ്ധത്തിന്‌ വരുന്നവരാരോ അവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. പക്ഷേ നിങ്ങള്‍ അതിക്രമം കാണിക്കരുത്‌. അതിക്രമം ചെയ്യുന്നവരെ നിശ്ചയമായും അല്ലാഹു സ്നേഹിക്കുന്നില്ല.(അല്‍ ബഖറ വാക്യം 190)

സന്ധിയാവാന്‍ അവര്‍ ആഗ്രഹിച്ചാല്‍ നീ അത്‌ സ്വീകരിക്കുക. അല്ലാഹുവിനെ ഭരമേല്‍പ്പിക്കുക. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.(അല്‍ അന്‍ഫാല്‍ വാക്യം 61)

പ്രശസ്ത കൃസ്ത്യന്‍ പണ്ഡിതന്‍ ഇറാ.ജി.സെപ്പ്‌ ജൂനിയര്‍ തന്റെ 'മുസ്ലിം പ്രൈമര്‍' എന്ന പുസ്തകത്തില്‍ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്‌.
"ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇസ്ലാം അക്രമണോത്സുകമായ യുദ്ധങ്ങളെ എതിര്‍ക്കുന്നു എന്നുള്ളതും, പ്രതിരോധാത്മകമായ യുദ്ധങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നു എന്നുള്ളതുമാണ്‌. യുദ്ധത്തിനു പ്രാപ്തിയില്ലാത്തവരെ വധിക്കുന്നതിനും, തടവുകാരെ പീഢിപ്പിക്കുന്നതിനും, വീടുകള്‍ തകര്‍ക്കുന്നതിനും, വിളവ്‌ നശിപ്പിക്കുന്നതിനും മുഹമ്മദും അദ്ദേഹത്തിന്റെ സംസ്കാരവും എതിരായിരുന്നു."

പാശ്ചാത്യ ലോകരാജ്യങ്ങള്‍ സമാധാന സംസ്ഥാപനത്തിന്‌ പ്രതിരോധാത്മക യുദ്ധങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നിരിക്കെ, ഇത്തരം സാഹചര്യങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രതിരോധങ്ങളെപ്പോലും തിന്മയായി കാണുന്നത്‌ വിരോധാഭാസമല്ലാതെ മറ്റെന്താണ്‌?

സുഹൃത്തുക്കളെ, അത്‌ കൊണ്ട്‌ ഇസ്ലാം എന്നത്‌ കേട്ട്‌ വിറളി പിടിക്കണ്ട കാര്യമില്ല. അതിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ പടച്ച്‌ വിടുന്ന അബദ്ധധാരണകളാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. എന്നാല്‍ അമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ ഇസ്ലാമിക ജിഹാദുമായി യാതൊരു പുലബന്ധവുമില്ലെന്നത്‌ മനസ്സിലാക്കുക.

അത്‌ തീവ്രവാദമാണ്‌. തീവ്രവാദം ഇസ്ലാമിക ആദര്‍ശങ്ങളുമായി ഒരിക്കലും ഒത്ത്‌ പോവില്ലെന്നത്‌ തിരിച്ചറിയുക. ഇത്തരം ആക്രമണങ്ങളും, തീവ്രവാദപ്രവര്‍ത്തനങ്ങളും എന്തിന്റെ പേരിലായാലും, ഇസ്ലാമികമായും, മാനുഷികമായും ന്യായീകരിക്കത്തക്കതുമല്ല.

ഇസ്ലാമെന്നാല്‍ 'സമധാനവും' മുസ്ലിമെന്നാല്‍ 'സമാധാനം കാംക്ഷിക്കുന്നവനും' ആകുമ്പോള്‍ അതെങ്ങനെയാണ്‌ അക്രമത്തിന്റേയും തീവ്രവാദത്തിന്റേയും, അസഹിഷ്ണുതയുടേയും, ഭീകരതയുടേയും പ്രതീകമാകുന്നത്‌?

ചിന്തിക്കുക സഹോദരാ?
കാരണം ചിന്തിക്കാന്‍ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്‌.


20 comments:

സഖാവ് said...

സൂഫി

പറഞ്ഞ ചില കാര്യങ്ങളില്‍ നിങ്ങളോടു യോജിക്കുന്നു.

പക്ഷെ, പലപ്പോഴും പല പ്രശ്നങ്ങളിലും ഇസ്ലാം മതവിശ്വാസികള്‍ ഒരു ഭാഗത്തും മറ്റു മതവിശ്വാസികള്‍ മറു ഭാഗത്തും ആകുന്ന കാഴ്ച ആണ്. അവിടെ ഇസ്ലാം മതവിശ്വാസികള്‍ തെറ്റിധരിക്കപെടുന്നത്.

ഉദാ. തായ് ലാന്റ് എന്ന കൊച്ചു രാജ്യം അവരുടെ പ്രധാന വരുമാന മാര്‍ഗം ടൂറിസം അതും തെക്കന്‍ പ്രിവിശ്യകളില്‍. ഈ പ്രിവിശ്യകള്‍ മലേഷ്യയുമായി അതിര്‍ത്തി പങ്കിടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ തീവ്രവാദികള്‍ രക്തരൂക്ഷിത വിപ്ലവം നടത്തി കൊണ്ടിരിക്കുന്നു. ഈ തീവ്രവാദികള്‍ ഇസ്ലാം മതവിശ്വാസികള്‍ ആണ്. ഈ ഒരു കാരണം കൊണ്ടു തന്നെ ഇസ്ലാം മതവിശ്വാസികളെ ഒരു തരം ഭയത്തോടെ ആണവര്‍ കാണുന്നത്. ഇവിടെ അവര്‍ മതം ചോദിക്കില്ല, പക്ഷെ ‘പന്നി’ മാംസം കഴിക്കുമോ എന്നാണ് അപരിചതോരോടുള്ള ചോദ്യം.

എന്തുകൊണ്ട് IRA യെ ഇങ്ങനെ മതപരമായി കാണുന്നില്ല. അവിടെ 2 ഭാഗത്തും ഒരേ മത വിശ്വാസികള്‍ ആണ്. സുന്നി ഷിയ പ്രശ്നങ്ങള്‍ ആരും ആഗോള കാര്യമായ്യി എടുക്കുന്നില്ലല്ലോ.

ചിലപ്പോള്‍ എന്റെതു ഒരു biased ആയ്യ ചിന്ത ആയിരിക്കും, തെറ്റാണെങ്കില്‍ ദയവായി തിരുത്തുക.

ലാല്‍ സലാം

Melethil said...

ഒരാളുടെ മത ഗ്രന്‍ഥങ്ങളില്‍ എന്താണു പറഞ്ഞതെന്നു വായിച്ചിട്ടാണോ അയാളെ സമൂഹം വിലയിരുത്തുന്നത്, അതൊ അയാളുടെ പ്രവര്ത്തി കണ്ടിട്ടൊ? മത ഗ്രന്‍ഥങ്ങളൊക്കെ മനോഹരം തന്നെ! പക്ഷെ ആളുകളൊ? മനുഷ്യന്റെ ആത്യന്തികമായ ചായ്‌വ്‌ തിന്മയിലേക്കു തന്നെ! മുസ്ലിംങ്ങളെ കുറിച്ചു പറയുമ്പോള്‍ അവര്‍ക്കു മുഖ്യധാരയില്‍ നിന്നു മാറിനില്ക്കാന്‍ (എല്ലായിടത്തും , പല രീതിയില്‍ ) ഒരു ഔല്സുക്യം കണ്ടുവരാറുണ്ട്, എന്താണെന്നറിയില്ല. ഈ ലേഖനതില്‍ പോലുമുണ്ടു ആ മനോഭാവം , ഇസ്ലാം വ്യത്യസ്തമാണെന്നു തെളിയിക്കാനുള്ള ഒരു വ്യഗ്രത! കേരള മുസ്ലിങ്ങള്‍ എന്തുകൊണ്ടു മറ്റു സംസ്ഥാനങ്ങളിലെക്കാളും നല്ല നിലയില്‍ ജീവിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടൊ? പിന്നെ കലര്പ്പില്ലാത്ത മതം അതൊക്കെ ഇന്നു , ഈ ഹൈ സ്പീഡ് യുഗത്തില്‍ സാധ്യമാണൊ?

കാവലാന്‍ said...

the sixth sence is the extra ebility.but sevanth is,sure this is the mad.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

സുഫി അല്‍ഗോരിതമല്ല ഔട്ട്‌പുട്ടാണ്‌ പ്രധാനം എന്ന് നമുക്കറിയാമല്ലോ. എന്തുകൊണ്ട്‌ മതങ്ങള്‍ ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു. ഏല്ലാ മതത്തിലും ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് എല്ലാവരും വിലയിരുത്തുന്നു. എന്നാല്‍ പ്രവര്‍ത്തിയില്‍ വരുമ്പോള്‍ അവയ്ക്കെല്ലാം ഒരേ രൂപം കൈവരുന്നു. മതവിശ്വാസികളെ നോക്കി മതത്തെ വിലയിരുത്തുകയാണ്‌ ഇന്ന് നടക്കുന്നത്‌. എന്ത്‌ വ്യത്യാസമാണ്‌ മത വിശ്വാസികള്‍ തമ്മില്‍ ഉള്ളത്‌. അത്‌ മത വിശ്വാസത്തിലും മത കര്‍മ്മങ്ങളിലും മാത്രം. അല്ലാതെ അവര്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല.ക്രൈസ്തവ മത ആശയങ്ങളോ ഇസ്ലാമോ ഒന്നും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. മത വിശ്വാസികളാണ്‌ മതത്തെ പ്രതിനിധീകരിക്കുന്നത്‌. അവര്‍ ഒരു ലോക മാതൃക ഉയര്‍ത്തിക്കാട്ടിയാല്‍ തകര്‍ന്നു പോകാനുള്ളതെ ഉള്ളൂ മറ്റെന്തും. അല്ലാതെ എന്റെ മതം നിന്റെ മതത്തേക്കള്‍ ഉല്‍കൃഷ്ടം എന്ന രീതിയില്‍ നടത്തുന്ന പ്രചരണങ്ങള്‍ ഒരിക്കലും ശാശ്വതമാകില്ല

അരവിന്ദ് :: aravind said...

സൂഫീ, നല്ല ലേഖനം.
എങ്കിലും ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്.

മതം രാഷ്ട്റീയവുമായി കൂട്ടിക്കുഴക്കുന്നതാണ് വേറൊരു പ്രശ്നം. ചിലര്‍ ഖുറാനെ വളച്ചൊടിച്ച് ഭരണഘടനയാക്കുന്നതും.

പാലസ്തീന്‍ പ്രശ്നത്തില്‍ ഫുള്‍ സപ്പോര്‍ട്ട്. ഇന്ത്യ എന്തു ഭംഗിയായാണ് കാശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നത്! അത് ഒരു മത വിഭാഗത്തിന്റെ വിഘടനവാദമായി കാണുന്നേയില്ല, മറിച്ച് ഒരു പ്രദേശത്തിന്റെ വികാരമായി മാത്രം കാണുന്നു. അങ്ങനെയൊരു അപ്രോച്ച് എല്ലാവര്‍ക്കും ആകാം.
ജിഹാദ് തീവ്രവാദികള്‍ ഏറ്റുമുട്ടുന്നത് അമേരിക്കയോടും ബ്രിട്ടനോടുമാണ്..കൃസ്ത്യാനികളോടല്ല. ആ ഒരു മര്യാദ തിരിച്ചുമാകാം.അല്ലേ?

നാട്ടില്‍ ഏതെങ്കിലും യുവാവിനെ ആരെങ്കിലും എന്തിനെങ്കിലും പൂശിയാല്‍, ടിയാന്‍ പിന്നോക്ക വിഭാഗമാണെങ്കില്‍‍ "ദളിത് യുവാവിന് പീഡനം" 'ദളിത് യുവാവ് കൊല്ലപ്പെട്ട നിലയില്‍" എന്ന മോഡല്‍ ഒരു സെന്‍സേഷണലൈസേഷന്‍ മാധ്യമങ്ങളില്‍ ഉണ്ട്. കൊല്ലപ്പെട്ടതിനേക്കാള്‍‍ കാര്യം ചത്തവന്റെ ജാതിയാണ്. അതേ ലൈന്‍ തന്നെയാണ് പാലസ്തീന്‍ കാരന്‍ ബോംബ് പൊട്ടിച്ചാല്‍ മുസ്ലീങ്ങളുമായി അതിനെ ബന്ധപ്പെടുത്തുന്നതിനുള്ള കാരണം എന്ന് തോന്നുന്നു.

സഖാവ് said...

നമ്മുടെ നാട്ടില്‍ തന്നെ മലപ്പുറം കഴിഞ്ഞാന്‍ നോബു കാലത്തു ചില സമയങ്ങളില്‍ ഭക്ഷണം കിട്ടില്ല.

ഒരിക്കല്‍ പപ്പയെ യാത്ര അയക്കാന്‍ കരിപ്പൂര്‍ പോകുന്ന വഴി ഒരുപാട് ബുധിമുട്ടി. അവസാനം ഡ്രൈവര്‍ക്കു പരിചയം ഉള്ള ഒരു ഇസ്ലാം സഹോദരന്റെ റെസ്റ്ററന്റില്‍ നിന്നും ഭക്ഷണം അതു ഷട്ടറിട്ട ഹോട്ടലില്‍.

നോബിന്റെ നല്ല വശത്തെ അംഗികരിക്കുന്നു. പക്ഷെ ആ സമയത്തു മറ്റുള്ളവരുടെ ഭക്ഷണം തടയുന്നത് തെറ്റല്ലെ?

കിരണ്‍ തോമസ് തോമ്പില്‍ said...

അരവിന്ദേ

പാലസ്തീന്‍ പ്രശ്നം ലോകത്തെമ്പാടുമുള്ള മുസ്ലിമുകള്‍ വികാരപരമായാണ്‌ കാണുന്നത്‌. കേരളത്തിലും അങ്ങനെ തന്നേ. അതില്‍ രാഷ്ട്രീയമല്ല മതം മാത്രമാണ്‌ ഇവര്‍ വിലകല്‍പ്പിക്കുന്നത്‌.


സഖാവേ,

ഭക്ഷണം കൊടുക്കുന്നില്ല എന്നത്‌ എങ്ങനെ ഒരു തെറ്റാകും. അവര്‍ക്ക്‌ വിശ്വാസം ഉള്ളതുകൊണ്ട്‌ കട അടച്ചിടുന്നു. അവര്‍ ആരേയും അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നില്ല. മറ്റ്‌ സമുദായക്കാരുടെ ഹോട്ടലില്‍ നിന്ന് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലല്ലോ.

സൂഫി said...

@ സഖാവേ
അഭിപ്രായത്തിനു നന്ദി.
തായ്‌ലന്റിനെക്കുറിച്ച്‌ എനിക്കധികമൊന്നുമറിയില്ല. അത്‌ കൊണ്ട്‌ തന്നെ താങ്കളുടെ ഉദാഹരണത്തിന്റെ context എനിക്ക്‌ പിടി കിട്ടിയില്ല.
രക്തരൂഷിത വിപ്ലവം നടത്താനുള്ള കാരണത്തെക്കുറിച്ച്‌ ഞാന്‍ തികച്ചും അജ്ഞനാണ്‌. എന്തെങ്കിലും മനസ്സിലാക്കിയിട്ട്‌ ഒരു അഭിപ്രായം പറയാം.

@ മെലെതില്‍
താങ്കളോട്‌ എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്നു. ചില ആരോപണങ്ങളോഴികെ.
മുസ്ലിംകള്‍ എവിടെയും മാറി നില്‍ക്കുന്നതല്ല. മാറ്റി നിര്‍ത്തപ്പെടുന്നതാണ്‌ എന്നതാണ്‌ ഈ ലേഖനത്തിന്റെ നിരീക്ഷണം. പിന്നെ ആരാണ്‌ മുഖ്യധാര നിര്‍വ്വചിക്കുന്നത്‌?
ലോകത്തിന്റെ പോക്കാണോ മുഖ്യധാര??

@കിരണേ
തെറ്റിദ്ധരിക്കപ്പെട്ടു എന്നെഴുതിയ എന്റെ വാക്കുകളേയും അല്‍പ്പം തെറ്റിദ്ധരിച്ചോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക. എന്റെ മതമാണ്‌ വലുത്‌, നിന്റേത്‌ മോശമാണ്‌ എന്നുള്ള രീതിയില്‍ എന്നുള്ള പ്രചാരണമാണ്‌ എന്റെ എഴുത്തിലുള്ളത്‌ എന്ന കണ്ടെത്തലിനോട്‌ അങ്ങേയറ്റം വിയോജിക്കുന്നു.
പിന്നെ അല്‍ഗൊരിതമല്ല ഔട്ട്‌പുട്ടാണ്‌ പ്രധാനമെന്നതിലും സംശയമില്ല. എന്നാല്‍ ഒരേ അല്‍ഗൊരിതമുള്ള പ്രൊഗ്രാമുകള്‍ വ്യത്യസ്ത ഔട്ട്‌പുട്ടുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതിന്റെ കമ്പയിലറുകളെ സംശയിക്കേണ്ടി വരും. കമ്പയിലറിലെ നിയമങ്ങള്‍ എഴുതുന്നവരേയും...
പാലസ്തീന്‍ പ്രശ്നം മതപരമോ, രാഷ്ട്രീയപരമോ എന്തുമായിക്കൊള്ളട്ടെ അതില്‍ അമേരിക്കയടങ്ങുന്ന പടിഞ്ഞാറന്‍ ലോബിയുടെ ഇരട്ടത്താപ്പ്‌ മാത്രമാണ്‌ ഞാന്‍ ചൂണ്ടിക്കാട്ടിയത്‌.


@അരവി.
കണ്ടതില്‍ സന്തോഷം.
കമന്റിനു നന്ദി.
ലളിതമായ ഒരു സംശയം മാത്രം. മതം മനുഷ്യനു നന്മയാണുദ്ദേശിക്കുന്നതെങ്കില്‍ (അതാണല്ലോ മതങ്ങളുടെ ആത്യന്തിക ലക്ഷ്യം), അതിനു മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലകളിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ അവകാശമില്ലേ? അങ്ങനെയെങ്കില്‍ രാഷ്ട്രീയത്തിലും, സാമ്പത്തിക, സാമൂഹിക, വ്യക്തി ജീവിതത്തിലും അതിനു ചില ഗുണപരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടാവില്ലേ?

ആത്മീയതയെ ദൈനം ദിന മനുഷ്യജീവിതത്തില്‍ നിന്നു വേറിട്ട്‌ കാണുന്നത്‌ ശരിയാണോ?
ചുമ്മാ സംശയമാണേ...
:)

@സഖാവേ..ഒന്ന് കൂടി
തന്റെ മതവിശ്വാസപ്രകാരം പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും , ജലപാനവുമുപേക്ഷിച്ച്‌ വ്രതമെടുക്കുന്ന ഒരു വിശ്വാസി പകല്‍നേരങ്ങളില്‍ ഭക്ഷണമുണ്ടാക്കി വിളമ്പുന്നതിലെ ബുദ്ധിമുട്ടാവാം ഹോട്ടലുകള്‍ അടച്ചിടുന്നതിനു പിന്നില്‍. അല്ലാതെ മറ്റുള്ളവര്‍ ഭക്ഷണത്തെ മനപ്പൂര്‍വ്വം തടയുന്നതല്ല.
പ്രദേശത്തുള്ള മറ്റു മതവിശ്വാസികള്‍ വല്ലപ്പോഴുമെത്തുന്ന സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കുമായി ഹോട്ടലുകള്‍ തുറക്കുന്നത്‌ ആദായകരമല്ല എന്നുള്ളതിനാല്‍ അവരും അധികം തുറന്ന് പ്രവര്‍ത്തിക്കാറില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

സുപി,

തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന ആശയത്തെ ഞാന്‍ വിശദീകരിക്കാന്‍ ഉപയോഗിച്ചതാണ് അല്‍ഗോരിതം നല്ലത് ഔട്ട്പുട്ട് മോശം എന്നത്. ഇത്സാം പൂര്‍ണ്ണം മറ്റെല്ലാം അപൂര്‍ണ്ണം എന്ന രീതിയിലാണ് ഇസ്ലാം പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഇസ്ലാം നിലനില്‍ക്കുന്ന സമൂഹത്തില്‍ നിന്ന് ആ പൂര്‍ണ്ണതയുടേ പ്രകാശം പരത്തേണ്ടതുണ്ട്. എന്നാല്‍ ഇസ്ലാമോ അനിസ്ലാമികളോ ആയി പ്രകടമായ ഒരു വ്യത്യാസം നമുക്ക് കാണുക അസാധ്യമാണ്. ആചാരങ്ങളിലോ കര്‍മ്മങ്ങളിലോ ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കാം എന്നതില്‍ കവിഞ്ഞ് ഒരു സാമൂഹിക മാത്ര്‌ക ഇതുവരെ ഇസ്ലാമിക സമൂഹങ്ങളില്‍ കാണാന്‍ കഴിയില്ല. ഇസ്ലാമില്‍ നിന്ന് ഉയര്‍ന്ന് വരുന്ന വളരെ കുറച്ച് തീവ്രവാദ ആശയക്കാരേ ആ സുമൂഹം എതിര്‍ത്ത് തോല്‍പ്പിക്കത്തതും ഇസ്ലാമിന്റെ പേര് ചീത്തയാകാന്‍ കാരണമായി.അഫ്ഗാനിലും മറ്റും അവര്‍ കാണിച്ച് അസഹഷ്ണുത അമേരിക്കന്‍ മാധ്യമങ്ങളുടെ സ്ര്ഷ്ടിയൊന്നുമല്ലല്ലോ.

സൂഫി മുസ്ലിമുകള്‍ ഒരിടത്തും മാറി നില്‍കുകയല്ല മാറ്റി നിര്‍ത്തുകയാണ് എന്ന ആശയത്തോടും എനിക്ക് യോജിപ്പില്ല. സ്ത്രീവിദ്യാഭ്യാസത്തിനോടും ഇംഗ്ലീഷ് വിദ്യാഭ്യസത്തോടും കേരളത്തില്‍ മത നേത്ര്‌ത്വം ഒരു കാലഘട്ടത്തില്‍ കാണിച്ച ഉപേഷയാണ് അവരെ ഒരുപാട് പിന്നോട്ടടിച്ചത്. സ്ത്രീകള്‍ സാമൂഹികമായി ഇടപഴകുന്ന ഒരു സമൂഹമാണ് കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ളത്. എന്നാല്‍ ഇസ്ലാമില്‍ അത് അങ്ങനെ അല്ലാത്തതുകൊണ്ടും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി കല്യാണം നടത്തുമ്പോഴും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥ പന്തല്‍ ഉണ്ടാക്കുന്നവ്രാണ്. മുഖ്യധാര സമൂഹത്തില്‍ നിന്ന് വ്യത്യസ്ഥമായി ജീവിക്കുന്നവര്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്നത് സ്വാഭാവികമാ‍ാണ്. ജമയത്ത് ബുദ്ധിജീവി ഓ.അബ്ദുള്ള പറഞ്ഞത് മുസ്ലിമുകളേ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കേണ്ട മറിച്ച് അവരെ അവരുടെ വ്യക്തിത്വവുമായി സ്മൂഹത്തിനെ ഒരു അരികലൂടെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി എന്നാണ്.

സഖാവ് said...

കിരണ്‍, സൂഫി

ഞാന്‍ ഇവിടെ mention ചെയ്തിരുന്നു “ഒരു ഇസ്ലാം സഹോദരന്റെ റെസ്റ്ററന്റില്‍ നിന്നും ഭക്ഷണം അതു ഷട്ടറിട്ട ഹോട്ടലില്‍“. ഇവിടെ ‘ഇസ്ലാം സഹോദരന്റെ‘ എന്ന വാചകം വളരെ പ്രധാന്യം ഉണ്ട്.

സൂഫി

N.H. 17 ല്‍ നിന്നും കരുപ്പൂര്‍ പോകൂന്ന junction ല്‍ ആണു റെസ്റ്ററന്റ്. അവിടെ ആ പ്രദേശത്തു വേറെ റെസ്റ്ററന്റ്കളൊന്നും പ്രവര്‍ത്തിക്കാത്തപ്പോള്‍ സൂഫി കരുതുന്നുണ്ടോ
- “പ്രദേശത്തുള്ള മറ്റു മതവിശ്വാസികള്‍ വല്ലപ്പോഴുമെത്തുന്ന സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കുമായി ഹോട്ടലുകള്‍ തുറക്കുന്നത്‌ ആദായകരമല്ല എന്നുള്ളതിനാല്‍ അവരും അധികം തുറന്ന് പ്രവര്‍ത്തിക്കാറില്ല.“ - ആദായകരമല്ലാത്തതിന്റെ പേരില്‍ ആണു കട തുറക്കാത്തതെന്ന്.

തായ് ലാന്റില്‍ അത് വിഘടനവാദം ആണ്. സപ്പോര്‍ട്ട് മലേഷ്യയില്‍ നിന്നും. അതെ പ്രശ്നം എപ്പോള്‍ ഫിലിപ്പിന്‍സും നേരിടുന്നു. ഇന്‍ഡോനേഷ്യ സ്പ്പോര്‍ട്ടോടെ.

Sabu said...

I agree with you partly. But today if people look at muslims with doubt its not all because of media. I am sure terrorist attacks are not media creations.

You said making woman sex objects is not freedom for woman but allowing them to cover themselves and walk in pride. Now, here you are taking the extreme side of western culture. At the same time you ignored the other extreme side :- forcing women to cover from head to toe and whipping them if they show just their hand. Is that freedom for women ?

If Islam is not be viewd with suspicion then there need to be efforts from both side i.e, both from Muslims and western nations. Blaming just the westerners will do no good. Learned muslims like you should equally and vociferously condemn terrorism the way you condemn westerners. It's only then people will stop looking at muslims with suspicion.

Melethil said...

ഒരു വാക്കു മാറിപ്പോയാല്‍ തീ പിടിക്കുന്ന പ്രശ്നമാണ്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

സൂഫി, മാറ്റി നിറുത്തുകയോ? ആരാണു മുസ്ലിമിനെ മാറ്റി നിറുത്തുന്നത്? അല്ലെങ്കില്‍ തന്നെ എങ്ങനെയാണു ഒരു സമൂഹത്തിനെ മൊത്തം എങ്ങനെ, അതും മീഡിയ പ്രളയത്തിന്റെ ഈ കാലത്ത് ? പ്രത്യേകിച്ചും കേരളത്തില്‍ ? ചോദ്യം ഇതാണു, മുസ്ലിമിനു ആരെയാണു പേടി? എന്താ ഇത്രമാത്രം സംരക്ഷിച്ചു പിടിക്കാനുള്ളത്? ഒരു സമൂഹം മൊത്തത്തില്‍ അനുഭവിക്കുന്ന ഈ ഏകാന്തതക്ക് , ഒറ്റപ്പെടലിനു കാരണം തുറന്ന മനസ്ഥിതി ഇല്ലത്തതു തന്നെ . മുസ്ലിങ്ങ്ളെക്കാള്‍ ചെറിയ ന്യൂന്പക്ഷങ്ങള്‍ ഇവിടെയില്ലെ? അവരാരും പരാതി പരയുന്നില്ലല്ലൊ ഇതു പോലെ? ഇനി മറ്റൊരു കാര്യം കൂടി, ചേന്ദമങ്ങലുര്‍ പറഞ്ഞ പൊലെ , രാഷ്ട്രീയ പ്രശ്നങ്ങളെ വൈകാരികമായി നെരിടുന്ന ഒരു പ്രവണത കൂടി ഉണ്ടു, ഷബാനു മുതല്‍ ബാബരി വരെ..

അരവിന്ദ് :: aravind said...

സൂഫീ..അതിലൊരു പ്രശ്നണ്ട്.
മുസ്ലീം മതത്തിന് മാത്രായി ഒരു പ്രശ്നവുമില്ല താനും. മതം, രാഷ്ടീയമായി ഉപയോഗിച്ചാല്‍ എല്ലാ മതത്തിനും അതേ തെറ്റ് വരും.
ഇന്ത്യയില്‍ ഹിന്ദുമതാചാരം ഭരണവുമായി കൂട്ടിക്കലര്‍‌‍ത്തിയാല്‍ നമ്മള്‍ അംഗീകരിക്ക്വോ? മതേതരത്വമൊക്കെ അവിടെ നില്‍ക്കട്ടെ, മതം കൂട്ടിക്കലര്‍ത്താമെങ്കില്‍ മതേതരം എന്ന വാക്ക് ആദ്യം ഒഴിവാക്കണ്ടേ?

സൂഫി said...

കിരണ്‍, സാബു..
നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ്‌ വെച്ച എല്ലാ ആശയങ്ങളോടും എനിക്കും യോജിപ്പാണുള്ളത്‌. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിലും മാറ്റി നിര്‍ത്തുന്നതിലും ഏറിയ പങ്കും വഹിക്കുന്നത്‌ പാശ്ചാത്യമാധ്യമങ്ങളാണെന്നു ഞാന്‍ പറഞ്ഞു തുടങ്ങിയെന്നേയുള്ളു.

നിങ്ങള്‍ കണ്ടെത്തിയത്‌ പോലെ മുസ്ലിം സമുദായത്തെ ഇക്കഴിഞ്ഞ കുറച്ച്‌ കാലമായി അതിഘോരമായ പതിത്വത്തിലേക്ക്‌ തള്ളി വിട്ടതിന്റെ മറ്റൊരു സുപ്രധാന ഉത്തരവാദികള്‍ ചില മുസ്ലിം ഭരണാധികാരികളും, മതപണ്ഡിതരുമാണ്‌.

ഇതിനെക്കുറിച്ച്‌ വിശദമായി അടുത്ത ലേഖനത്തിലാവാം.

മെലെതില്‍,
മതത്തെ മാറ്റി നിര്‍ത്തുന്നവരെല്ലാം പുറത്തുള്ള ബാഹ്യശക്തികളാണെന്ന് ആരോപിക്കുമ്പോഴല്ലേ വിഷയത്തിനു തീ പിടിക്കുന്നത്‌. അവയ്ക്ക്‌ പിന്നില്‍ ആന്തരികമായ ഒട്ടേറെ കാരണങ്ങളുണ്ടെന്നു സമ്മതിക്കാതിരിക്കാന്‍ മാത്രം ഞാന്‍ ഒരു പക്ഷപാതിയല്ല.
ഇനി അകാരണമായി മാറ്റി നിര്‍ത്തപ്പെടുന്നത്‌ കൂടാതെ, സ്വയം മാറി നില്‍ക്കാന്‍ നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതൊരു അനിവാര്യതയാണ്‌.
ഒരു ഉദാഹരണം പറയാം.
സാമ്പത്തികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും, സമ്പത്തിന്റെ വിനിമയം അസാധ്യമാക്കുകയും, ജനങ്ങളുടെ ഇടയില്‍ അസ്വസ്ഥതയും, കാലുഷ്യവും മാത്രം വളര്‍ത്താനുതകുകയും ചെയ്യുന്ന ഒരു ആശയമാണ്‌ പലിശ എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം. പലിശ എന്നത്‌ അനര്‍ഹമായ ഒരു സമ്പാദ്യമാണ്‌. വിയര്‍ക്കാതെ അധ്വാനിക്കാതെ പണമിരട്ടിപ്പിക്കുന്ന പലിശ ഉള്ളവനെ എന്നും ഉള്ളവനാക്കി നിലനിര്‍ത്തുന്നു.
പലിശ കര്‍ശനമായി നിരോധിച്ച ഇസ്ലാം, ഉള്ളവന്റെ സമ്പത്തിന്റെ ഒരു ഭാഗം ഇല്ലാത്തവന്റെ അവകാശമായി പ്രഖ്യാപിക്കുകയും സക്കാത്തിലൂടെ സാമ്പത്തിക സമത്വം ഉറപ്പ്‌ വരുത്താനാഗ്രഹിക്കുന്നു.
എന്നാല്‍ മുതലാളിത്ത ആശയങ്ങളിലൂന്നിയ ആധുനിക സാമ്പത്തിക സ്ഥാപനങ്ങളും, ബാങ്കുകളും ഇതിനു പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍, ഇസ്ലാമിക ബാങ്കിംഗ്‌ എന്ന ആശയവുമായി അവര്‍ മാറി നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നുള്ളതാണ്‌ സത്യം.

അരവിന്ദാ,
ഇന്ത്യയില്‍ ഹിന്ദുമതാചാരം നടപ്പില്‍ വരുത്തുകയായിരുന്നെങ്കില്‍ മതേതരമെന്ന പുറം പൂച്ചിനേക്കാള്‍ എത്രയോ ഭേദമായിരിക്കുമതെന്നെനിക്ക്‌ തോന്നുന്നു. കാരണം അതിന്റെ ഹൃദയവിശാലതയും, ധര്‍മ്മ ചിന്തയും മാത്രമാണ്‌ ഇസ്ലാമിനേയും, ക്രിസ്തുമതത്തേയും ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ സ്വാംശീകരിച്ചത്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇസ്ലാമിക്ക്‌ ബാങ്കിഗ്‌ എന്ന ആശയം ഒരു സ്റ്റേറ്റ്‌ ഏറ്റെടുക്കണം എന്നൊക്കെപ്പറ്യുന്നത്‌ എന്ത്‌ ന്യായമാണ്‌. ഇസ്ലാമില്‍ പലിശ നിഷേധിച്ചു എന്നത്‌ കൊണ്ട്‌ മറ്റ്‌ മതസ്തരും ഗവണ്മെന്റും അങ്ങനെ കരുതണം എന്നുണ്ടോ? ന്യായമായ പലിശ വാങ്ങുന്നതില്‍ എന്താണ്‌ തെറ്റ്‌. ഒരു പാട്‌ ആള്‍ക്കാര്‍ ഹൌസിങ്ങ്‌ ലോണ്‍ എടുത്ത്‌ വീടു പണിയുകയും നന്നായി തിരിച്ചടക്കുകയും ചെയ്യുന്നില്ലേ? മാത്രവുമല്ല വിദ്യാഭ്യസ വായപയായും കാര്‍ഷിക വായ്പയയും വ്യവസായ വായ്പയായും ഒരു പാട്‌ ധനം താഴേത്തട്ടില്‍ എത്തുന്നു. വയസായവരും പെന്‍ഷന്‍ പറ്റിയവരും തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കുന്ന പലിശ കൊണ്ട്‌ ഇവിടെ ജീവിച്ച്‌ പോകുന്നതും താങ്കള്‍ക്കറിയില്ലേ? ഇതൊക്കെ അനീതിയാണോ? ഇനി ഇസ്ലാമിന്‌ അവരുടെ അസ്തിത്വം നിലനിര്‍ത്തണമെങ്കില്‍ ആ മതസ്തരുടെ നേതൃത്വത്തില്‍ ഇസ്ലാമിക്ക്‌ ബാങ്കിങ്ങ്‌ ആകാമല്ലോ. MES ന്റെയും മറ്റ്‌ മുസ്ലിം സമിതികളുടേയും ആഭിമുഖ്യത്തില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുന്നത്‌ പോലെ .

നാളേ ആരെങ്കിലും ഞങ്ങളുടേ മതം ജനാധിപത്യം അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത്‌ സാധിച്ച്‌ കൊടുക്കാന്‍ നമുക്ക്‌ കഴിയില്ലാല്ലോ. ഒരു പൊതു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അവരുടെ രീതികള്‍ അംഗീകരിക്കുകയോ സ്വയം ബദല്‍ കണ്ടെത്തി നടപ്പിലാക്കീ കാണിച്ച്‌ കൊടുക്കുകയോ ആണ്‌ ചെയ്യേണ്ടത്‌. നവോദ്ധാനം വരേണ്ടത്‌ അതത്‌ സമുദായത്തില്‍ നിന്നാണ്‌ അല്ലാതെ പൊതു സമൂഹത്തില്‍ നിന്നാല്ല. കത്തോലിക്ക സഭയില്‍ പ്രൊട്ടസ്റ്റണ്ട്‌ വിപ്ലവമായും നമ്പൂരി സമൂഹത്തില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും ഉണ്ടായത്‌ പോലെയുള്ള മാറ്റങ്ങള്‍. അല്ലാതെ പാശ്ചാത്യ മാധ്യമങ്ങളോ സങ്കുചിത താല്‍പ്പര്യക്കാരോ ആണ്‌ ഇസ്ലാമിനെ തെറ്റിദ്ധരിപ്പുന്നു എന്നത്‌ വിലകുറഞ്ഞ വാദഗതി തന്നേയാണ്‌

Melethil said...

സൂഫി, എനിക്കൊന്നും പറയാനില്ല ഇതില്ക്കൂടുതല്‍ . ബാങ്കില്‍ പലിശ കൊടുക്കുന്നു എന്നു പറഞ്ഞു ജൊലി രാജി വച്ച ഒരു സുഹുത്ത് ഉണ്ടു എനിക്കു, എന്നിട്ടു ഇപ്പൊള്‍ 2500 രൂപയില്‍ എം ഇ എസ്സ്-ഇല്‍ പഠിപ്പിക്കുന്നു..എന്തു തോന്നുന്നു കേട്ടിട്ട്? ഉത്തമവിശ്വാസി എന്നൊ അതോ പടുവിഡ്ഡിയെന്നൊ? എനിക്കൊന്നും പരയാനില്ല നിങ്ങള്‍ വിദ്യാഭ്യാസം കിട്ടിയ ആള്‍ ഇതാണു പറയുന്നതെങ്കില്‍ ബഹുല്ക്ഷങ്ങള്‍ വരുന്ന മറ്റുള്ളവര്‍ , നിരക്ഷരരായവര്‍ , എന്തായിരിക്കും പറയുന്നത്?

സൂഫി said...

കിരണ്‍,
ഇസ്ലാമിക ബാങ്കിംഗ് സ്റ്റേറ്റ് ഏറ്റെടുക്കണമെന്നാരും മുറവിളി കൂട്ടുന്നില്ല.
പകരം ലോകത്താകമാനമുള്ള 2 ട്രില്യണ്‍ ഡോളര്‍ വരുന്ന മുസ്ലിം സാമ്പത്തിക സ്ഥാപനങ്ങളുടെ അസ്സറ്റില്‍ മറ്റുള്ള ബാങ്കുകള്‍ക്ക് സ്വയം താല്‍‍പ്പര്യം തോന്നുന്നത് സഹജമാണ്. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പോലെയുള്ള വിജയ ചരിത്രങ്ങളും ഇതിനു ആക്കം കൂട്ടുന്നു. ആ അര്‍ത്ഥത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനെക്കുറിച്ചു വിശദമായി പഠനം നടത്താന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചത്. കമ്മറ്റി പഠനം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണറിവ്. റിപ്പോര്‍ട്ട് ഇസ്ലാമിക ബാങ്കിങിനനുകൂലമല്ല എന്നാണ് പുറത്തറിവായ പ്രഥമ വിവരം. വിശദ വിവരങ്ങള്‍ മോഡറേറ്റര്‍ പുറത്ത് വിട്ടിട്ടുമില്ല.

ലോണിന് അതിന്‍റേതായ ഗുണങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ
നില്‍ക്കക്കള്ളിയില്ലാത്ത ലോണുകളുടെ പ്രളയത്തിലാണല്ലോ നമുക്ക് ആഢംബരങ്ങള്‍ പോലും അത്യാവശ്യമായി മാറുന്നത്. കൊള്ള പ്പലിശക്ക് പണം ലഭ്യമായത് കൊണ്ട് ഒരു സാലറി സ്ലിപ്പിന്‍റെ ബലത്തില്‍ ഹൌസിങ് ലോണും, കാര്‍ ലോണും, എന്തിന് കമ്പ്യൂട്ടറും ക്യാമെറയും വരെ വാങ്ങി നാം ജീവിതനിലവാരമുയര്‍ത്തുന്നു. ശേഷകാലം ഒരു പാച്ചിലാണ് പ്രതിമാസ അടവുകള്‍ പിഴ തെറ്റാതെ മുറക്ക് അടച്ച് തീര്‍ക്കാന്‍. ഇടക്ക് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒരു അസുഖമോ, വിവാഹമോ മറ്റ് അടിയന്തിര ആവശ്യങ്ങളോ മൂലം കുറച്ച് പണം ആ വഴിക്കു നീങ്ങിയാല്‍ പിന്നെ കുടുംബം പട്ടിണി തന്നെ.

കിരണ്‍,
നമ്മുടെ കാര്യം ഒന്നാലോചിച്ചു നോക്കാം. ഒരു സ്ഥലം വാങ്ങി വീട് വെക്കാന്‍ എത്ര രൂപ ഹൌസിങ് ലോണ്‍ എടുക്കേണ്ടി വരും? പരമാവധി എത്ര മാസ തവണ വരെ ലഭ്യമാണ്. ഈ തവണയില്‍ എത്ര രൂപ പലിശയിനത്തില്‍ നാം ബാങ്കിനു കൊടുക്കുന്നു.
ഒരു ഐ. ടി ഫീള്‍ഡീലോ അത് പോലെയുള്ള മെച്ച മായ ശമ്പളം ലഭ്യമല്ലാത്ത ഒരു ശരാശരി സാധാരണക്കാരന് മാസം പതിനായിരത്തിലധികം രൂപ 10-15 വര്‍ഷത്തേക്ക് അടക്കുന്ന ബാദ്ധ്യത സൃഷ്ടിക്കുന്ന പ്രായോഗിക സാമ്പത്തിക മാനസിക പ്രശ്നങ്ങളെ നാം തീര്‍ച്ചയായും കണക്കിലെടുക്കണമെന്നു തന്നെയാണെന്‍റെ പക്ഷം.

മെലെതില്‍,
ബാങ്കില്‍ നിന്നു കിട്ടുമായിരുന്ന ഉയര്‍ന്ന ശമ്പളത്തേക്കാള്‍ അയാള്‍ പ്രാധാന്യം കൽപ്പിക്കുന്ന, അയാള്‍ക്ക് സ്വയം സംതൃപ്തി ലഭിക്കുന്ന പണിയാവാം രണ്ടാമത്തേത്.
നമ്മള്‍ അറിയാതെ നമ്മുടെ മാനദണ്ഡങ്ങളില് മറ്റുള്ളവരുടെ ചെയ്തികളെ അളക്കുമ്പോഴാണ് ചിലതൊക്കെ നമുക്ക് വിഡ്ഡിത്തരമെന്നു തോന്നുന്നത്.
പ്രയോരിറ്റീസ് പലര്‍ക്കും പലതല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുഫി,

കടം എടുക്കണോ വേണ്ടയോ എന്നത്‌ സെല്‍ഫ്‌ ചോയിസ്‌ മാത്രമാണ്‌. അത്‌ വേണ്ടാ എന്ന് വയ്ക്കുകനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. ഒരു ബാങ്കുകാരോ സര്‍ക്കാരോ ആരേയും ലോണ്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നുമില്ല. അപ്പോള്‍ ഇതില്‍ എന്താണ്‌ പ്രശ്നം. എന്ത്‌ സാധ്യതയെയും ദുരുപയോഗം ചെയ്യ്‌താലോ അസാധരണമായ ഒന്ന് ജീവിതത്തില്‍ സംഭവിച്ചാലോ പ്രശ്നം ഉണ്ടാകും. തലവേദനക്ക്‌ പരിഹാരം തല വെട്ടിക്കളയലല്ല.

ഇനി ഉദാഹരണങ്ങള്‍ ജീവത അനുഭവങ്ങളില്‍ നിന്ന്. എന്റ അഛനും അമ്മയും ലോണ്‍ എടുത്താണ്‌ വീട്‌ വച്ചത്‌, ലോണ്‍ എടുത്താണ്‌ സ്ഥലം വാങ്ങയത്‌. കാര്‍ഷിക വായ്പ എടുത്താണ്‍` കൃഷി ചെയ്തത്‌. വിദ്യാഭ്യാസ വായ്പ എടുത്താണ്‌ മക്കളേ പഠിപ്പച്ചത്‌. എന്റെ പെങ്ങളുടെ കല്യാണം പെട്ടെന്ന് നിശ്ചയിക്കേണ്ടി വന്നപ്പോള്‍ പണം സമാഹരിച്ചത്‌ വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ്‌. കേവലം സര്‍ക്കാര്‍ ജീവനക്കാരായിരുന്ന് ഇവര്‍ക്ക്‌ ലോണ്‍ ഇല്ലായിരുന്നു എങ്കില്‍ ഇതൊന്നും നേടാന്‍ കഴിയില്ലായിരുന്നു. ഇതെ രീതില്‍ എന്റെ കുടുമ്പത്തിലുള്ള എല്ലാവരും വസ്തുവാങ്ങുകയും വീടുവയ്ക്കുകയും കല്യാണം നടത്തുകയുമൊക്കെ ചെയ്തത്‌.

എനിക്ക്‌ മനസ്സിലാകാത്തത്‌ ഇത്തരത്തിലുള്ള ബാങ്കിഗ്‌ നടക്കുന്നതുകൊണ്ട്‌ എന്ത്‌ പ്രശ്നമാണ്‌ മുസ്ലിമുകള്‍ക്കുള്ളത്‌. അവര്‍ക്ക്‌ വായ്പക്ക്‌ പണം എടുക്കാന്‍ കഴിയില്ലാ എന്നതാണോ പ്രശ്നം? അങ്ങനെയെങ്കില്‍ ഒരു സ്വയം സഹകരണ സംഘം എന്ന രീതിയില്‍ പണം സമാഹരിച്ച്‌ വിതരണം ചെയ്യുന്ന ഒന്നുണ്ടാക്കി ഇതിനെ പ്രതിരോധിക്കുക. അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കൊക്കെ എതിരെ നടത്തുന്ന സമരങ്ങളുടെ ഒക്കെ പകുതി എഫേര്‍ട്ട്‌ മതി ഇത്തരത്തിലൊന്ന് നടത്തിക്കാണിക്കാന്‍. ഇതിനുള്ളില്‍ ഒരു ആദര്‍ശ ഘടകം ഉള്ളതുകൊണ്ട്‌ നടപ്പിലാക്കാനും പിന്‍തുണ കിട്ടുകയും ചെയ്യും.

സൂഫി said...

കിരണ്‍,
നമ്മള്‍ കുറച്ചായി ലോണിലും ബാങ്കിലുമൊക്കെ കീറാമുട്ടി പോലെയിട്ട് കടിക്കുന്നു. എനിക്കാണെങ്കില്‍ എക്കണോമിക്സ് അലര്‍ജിയുമാണ്.
ഞാന്‍ ഉദാഹരിച്ചു പറയാനാഞ്ഞത് കിരണ്‍ തന്നെ പറഞ്ഞു.
ഇസ്ലാമിക സമൂഹം അതിന്‍റെ വ്യതിരിക്തമായ സാമ്പത്തിക ദര്‍ശനങ്ങളാല്‍ സ്വയം മാറി നില്‍ക്കാന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യമാണ് ബാങ്കിംഗ് മേഖല.

സ്വയം സഹകരണ സംഘം എന്ന രീതിയില്‍ പണം സമാഹരിച്ച്‌ വിതരണം ചെയ്യുന്ന ഒന്നുണ്ടാക്കി ഇതിനെ പ്രതിരോധിക്കുക എന്ന് പറഞ്ഞില്ലേ അങ്ങനെ ചിലതൊക്കെ നിലവിലുണ്ട്. ഇനി കൂടുതല്‍ പ്രചാരമാകും എന്നും തോന്നുന്നു.
:)