Wednesday, November 12, 2008

വിധ്വംസക ശക്തികളെ ഒറ്റപ്പെടുത്തുക.അക്രമങ്ങളെല്ലാം അപലപനീയം

5000 വര്‍ഷത്തെ വൈവിധ്യമായ സാംസ്കാരിക പൈതൃകവും ആത്മാഭിമാനവുമുള്ള ഒരു ജനാധിപത്യ-മതേതര രാഷ്ട്രം...
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍ക്കു നഷ്ടപ്പെട്ട സ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കുത്തിപ്പിടിച്ച വടിയുമായി അര്‍ദ്ധ-നഗ്നനായ ഫക്കീറിനെ ബ്രിട്ടീഷ്‌ വൈസ്രോയ്‌ പാലസിലേക്കു പറഞ്ഞയച്ച ഒരു ജനത...
1858 മുതല്‍ 1947 വരെ തങ്ങളെ കാല്‍ക്കീഴിലിട്ടു ചവിട്ടിയരച്ച ബ്രിട്ടീഷ്‌ രാജ്‌ എന്ന കോളനി ഭരണത്തെ ഒരു ശതാബ്ദത്തോളം നീണ്ട ഐതിഹാസികമായ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ വേരോടെ പിഴുതെറിഞ്ഞ നിശ്ചയ ദാര്‍ഢ്യമുള്ള ഒരു തലമുറ...
നിരക്ഷരതയോടും, ദാരിദ്ര്യത്തോടും, ജാതിയോടും, മതത്തോടും, വര്‍ണ്ണ-വ്യവസ്ഥയോടും മല്ലിട്ടു, വിദ്യാഭ്യാസത്തിലൂടെയും തനതു വ്യവസായങ്ങളിലൂടെയും, വ്യാപാരങ്ങളിലൂടെയും, അനുദിനം സാമൂഹിക പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ലോകത്തിന്റെ മുമ്പില്‍ പ്രബലരോടു കിട പിടിക്കാന്‍ കെല്‍പ്പുള്ള, മാനവവിഭവ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്ന, ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഒരു വികസ്വര രാഷ്ട്രം..

ഇന്ന്‌, അതിന്റെ യശസ്സിന്റെ മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ട്‌ വിധ്വംസക ശക്തികള്‍ നാടെങ്ങും സ്ഫോടനങ്ങള്‍ നടത്തി രാജ്യത്തെ ഭീകരാവസ്ഥയിലേക്കു തള്ളിയിട്ടിരിക്കുന്നു.
സമ്പത്തിന്റേയും അധികാരത്തിന്റേയും രാഷ്‌ട്രീയ വടം വലികളില്‍ വിലക്കെടുക്കപ്പെടുന്ന ക്രിമിനലുകള്‍, മതം ഒരു മറയായി ദുരുപയോഗം ചെയ്യുന്നു എന്നതു ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌.
മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ പിറവിയെടുത്ത മത ദര്‍ശനങ്ങളെ തങ്ങളുടെ സ്വകാര്യലാഭങ്ങള്‍ക്കു വേണ്ടി, മറയായി ഉപയോഗിക്കുകയും അതു വഴി തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാമെന്നു കരുതുന്നവര്‍ക്ക്‌, ഒരു മതവും അതിന്റെ യഥാര്‍ത്ഥ വിശ്വാസികളും മാപ്പു നല്‍കുകയില്ല.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈയടുത്തുണ്ടായ ഭീകര ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറ്റവാളികള്‍ മുസ്ലിം നാമധാരികളാണെന്നതു കൊണ്ടു മാത്രം ഇന്ത്യയിലെ മുസ്ലിംകളെയും, പൊതുവെ ഇസ്ലാംമത ആദര്‍ശങ്ങളെയും സംശയദൃഷ്ട്യാ വീക്ഷിക്കുന്നതിലും മുന്‍ധാരണയോടെ പ്രതിക്കൂട്ടിലും സ്ഥാപിക്കുന്നതിനും ചില മാധ്യമങ്ങളും സംഘടനകളും നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനു തികച്ചും വേദനാജനകമാണ്‌.

ഇസ്ലാം മതമെന്നല്ല ഏതൊരു മതത്തേയും, മറയായി ഉപയോഗിച്ചു രാജ്യത്തു ഭീകരാന്തരീക്ഷം പടച്ചു വിടുന്നവരുടെ ചെയ്തികളെ ഇന്ത്യന്‍ മുസ്ലിംകള്‍ ശക്തമായി അപലപിക്കുന്നു എന്നു മാത്രമല്ല രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിക്കും യഥാര്‍ത്ഥ ഇസ്ലാം മതവിശ്വസികളായ സമൂഹം കൂട്ടു നില്‍ക്കുകയില്ലെന്നും, ദേശീയതക്കെതിരെയുള്ള ആഭ്യന്തരവും വൈദേശികവുമായ ഏതു അക്രമങ്ങളേയും ചെറുക്കാന്‍ പൊതു സമൂഹത്തോടൊപ്പം എന്നും മുസ്ലിം സമൂഹം ഒരുമിച്ചു നില്‍ക്കുമെന്നും ഉറപ്പു നല്‍കുന്നു.

വാടകക്കു എടുക്കപ്പെടുന്ന കുറ്റവാളികളും, സാമൂഹ്യവിരുദ്ധരും, നിരപരാധികളെ നിര്‍ദ്ദയം കൊന്നൊടുക്കിക്കൊണ്ട്‌ രാജ്യത്തു ഭയം വിതച്ചു കൊണ്ടിരിക്കുമ്പോള്‍, സത്യസന്ധമായ അന്വേഷണങ്ങളെ വഴി തിരിച്ചു വിടുകയും,മാധ്യമങ്ങള്‍ സംയമനം പാലിക്കാതെ തെളിവുകളെ തകിടം മറിക്കുന്ന രീതിയില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നതു തികച്ചും ശരിയല്ല. അധികാര ദുര്‍മ്മോഹികളായ രാഷ്‌ട്രീയക്കാര്‍ അവസര-മുതലെടുപ്പിന്‌ ഈ സാഹചര്യങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്നുള്ളത്‌ പരമാര്‍ത്ഥമാണ്‌.
മാധ്യമങ്ങള്‍ രാഷ്‌ട്രീയക്കാരുടെ ചട്ടുകങ്ങളാകുന്നതിന്‌ പകരം അന്വേഷണ സമയങ്ങളില്‍ തികഞ്ഞ സംയമനം പാലിക്കുകയും അന്വേഷത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവും വാസ്തവവുമായ കണ്ടെത്തലുകളെ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുക എന്നത്‌ പത്രധര്‍മ്മമാണെന്ന് ഓര്‍മിക്കുക.

സെന്‍സേഷണല്‍ ആക്കുന്നതിനായി വാര്‍ത്തകളെ ഊഹാപോഹങ്ങളിലും വാസ്തവവിരുദ്ധമായ കെട്ടിച്ചമക്കലുകളിലും പൊതിഞ്ഞ്‌ ജനങ്ങളിലേക്കെത്തിക്കുമ്പോള്‍ ലഭിക്കുന്ന സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ടാല്‍ ഭാവിയില്‍ തകരുന്നത്‌ ഒരു സമൂഹത്തിന്റെ കെട്ടുറപ്പും സാഹോദര്യവുമാണെന്ന് മനസ്സിലാക്കാനുള്ള വിവേകവും സൂക്ഷ്‌മതയും നമ്മുടെ ജനകീയ മാധ്യമങ്ങള്‍ കാണിക്കേണ്ടിയിരിക്കുന്നു.

അധിനിവേശ ശക്തികള്‍ ഇന്ത്യയെന്ന മഹാമേരുവിന്റെ തിരു നെറ്റിയില്‍ കീറിയിട്ടു പോയ ചോരച്ചാലുകള്‍ ഇനിയും വറ്റിയുണങ്ങിയിട്ടില്ല. ഭിന്നിപ്പിച്ചു ഭരിച്ചും, ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ മേല്‍ കുതിര കയറിയും, പരസ്പരം സ്പര്‍ധ വളര്‍ത്തിയും ഒടുവില്‍ നിവൃത്തിയില്ലാതെ പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ രണ്ടായി കീറി മുറിച്ചും ഒരു ഉപഭൂഖണ്ഡത്തെ നശിപ്പിക്കാന്‍ ശ്രമിച്ച ക്ഷുദ്ര ശക്തികളെ നാമിവിടുന്ന് തുരത്തിയെങ്കിലും, രാജ്യത്തിന്റെ നാനാഭാഗത്ത്‌ നിന്നും ഇന്ന് ശത്രുക്കള്‍ കൂട്ടമായി ആഞ്ഞടിച്ച്‌ തുടങ്ങിയിരിക്കുന്നു.

തന്റെ ജീവിതത്തിലൊരിക്കല്‍പ്പോലും ഇന്ത്യയെന്തെന്ന്‌ നേരിട്ടു പോലും കാണാത്ത സിറില്‍ റാഡ്‌ക്ലിഫ്ഫ്‌ എന്ന ബൌണ്ടറി കമ്മീഷന്‍ ചെയര്‍മാനായ ബ്രിട്ടീഷുകാരന്‍ തന്റെ കുടുസ്സായ ഓഫീസ്‌ മുറിയിലിരുന്ന്‌ ഇന്ത്യയെയും പാകിസ്താനെയും വിഭജിക്കുന്ന സുപ്രധാനമായ ഭൂരേഖാ മാപ്പ്‌ വരച്ചുണ്ടാക്കിയത്‌, അതിര്‍ത്തികളില്‍ ഒഴുകിത്തീര്‍ന്നതും ഇനിയും ഒഴുകാനിരിക്കുന്നതുമായ രക്തപ്പുഴകള്‍ മനസ്സില്‍ കണ്ടു കൊണ്ടായിരിക്കും എന്നുള്ളത്‌ നാമറിയാതെ പോയ ഒരു പച്ചപ്പരമാര്‍ത്ഥം മാത്രമാണ്‌.
ഇനിയും ഈ രാജ്യത്തെ കീറി മുറിക്കാന്‍ നാമനുവദിക്കരുത്‌ അത്‌, ജാതിയുടേയൊ, മതത്തിന്റെയൊ, വര്‍ഗ്ഗത്തിന്റെയോ, വര്‍ണ്ണത്തിന്റെയോ, ഭാഷയുടേയോ എന്തിന്റെ പേരിലായാലും ശരി.

മുംബെയിലും, ദില്ലിയിലും, ലാഹോറിലും, പെഷവാറിലും കനാലുകളിലൂടെ കബന്ധങ്ങളും, രക്തപ്പുഴകലുമൊഴുകിയിട്ടും, പ്രാണരക്ഷാര്‍ത്ഥം കൂട്ടത്തോടെ പലായനങ്ങള്‍ നടന്നിട്ടും, ജനിച്ച മണ്ണിനെ സ്നേഹിച്ചത്‌ കൊണ്ടു മാത്രം ഈ മണ്ണില്‍ ജീവിക്കാനുറച്ചവരാണ്‌ ഇന്ത്യയിലെ മുസ്ലിംകള്‍. അവര്‍ക്ക്‌ അഭയവും, സാഹോദര്യവും വിളമ്പിയവരാണ്‌ ഇന്ത്യയിലെ ഹിന്ദുക്കള്‍. ശത്രുവിനെതിരെ തോളോട്‌ തോള്‍ ചേര്‍ന്ന് നിന്നു പോരാടിയ ആദര്‍ശത്തിന്റെയും കര്‍മ്മത്തിന്റെയും ഒരു ധീര ചരിത്രമുണ്ട്‌ അവര്‍ക്ക്‌. അതിനെ കളങ്കപ്പെടുത്തുവാന്‍ ഒരു ദുഷ്ട ശക്തിക്കും അവകാശമില്ല.

ഇന്നു അമേരിക്ക പോലുള്ള വന്‍കിട സാമ്രാജ്യത്വ ശക്തികളും, മറ്റ്‌ വൈദേശിക ശക്തികളും , ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ രഹസ്യ അജണ്ടകളെ നാം കണ്ടില്ലെന്നു നടിക്കരുത്‌.

ചേരിചേരാ നയത്തിലൂടെയും, മൂന്നാം ലോകരാജ്യങ്ങളില്‍ ലോകത്തിന്റെ നിക്ഷ്‌പക്ഷതയുടെ അസന്നിഗ്‌ദ്ധ ശകതിയായും വിരാജിച്ചിരുന്ന ഇന്ത്യയെന്ന രാഷ്‌ട്രീയശക്തിയെ കേവലം തങ്ങളുടെ രഷ്ട്രീയ സാമ്പത്തിക ഉപകരണമായി മാറ്റാനുള്ള നടപടികളെക്കുറിച്ച്‌ നാം കരുതലോടെയിരിക്കുക.

ഈയവസരത്തില്‍ പരസ്പരം പഴി ചാരിയും, സംശയ ദൃഷ്ടിയോടെ പരസ്പരം കലഹിച്ചും നേരം കളയുമ്പോള്‍ നാം ഒന്നോര്‍ക്കുക, ശത്രുക്കള്‍ അവരുടെ ലക്ഷ്യത്തിലേക്കടുത്ത്‌ കൊണ്ടിരിക്കുന്നു. സ്ഫോടനങ്ങളും , ആഭ്യന്തര കലാപങ്ങളും നടത്തി ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിച്ച്‌ രാജ്യത്താകമാനം അരക്ഷിതവസ്ഥയുണ്ടാക്കി, വികസിതരാജ്യ പദവിയിലേക്കുയര്‍ന്ന്‌ കൊണ്ടിരിക്കുന്ന ഒരു വികസ്വരരാജ്യത്തിന്റെ ഭാവിയെ കൂമ്പടപ്പിക്കുക എന്നുള്ളതാണ്‌ ശത്രു തന്ത്രം.

ഏഷ്യാ ഭൂഖണ്ഡത്തിലെ അനിഷേധ്യ ശക്തിയായും, ശക്തവും ജനാധിപത്യപരവുമായ ഒരു മതേതര രാഷ്‌ട്രത്തിന്റെ വളര്‍ച്ച ആരെയാണ്‌ ചൊടിപ്പിക്കുന്നതു എന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

വിദേശചട്ടുകങ്ങളെയും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും മറ നീക്കി പുറത്തു കൊണ്ടു വരേണ്ടതും, അധികാര രാഷ്‌ട്രീയത്തിന്റെ മുതലെടുപ്പുകള്‍ക്കായി ആഭ്യന്തര കലാപങ്ങള്‍ പടച്ചു വിടുന്നവരെയും നാം കരുതി ഇരിക്കുക.

സൌഹാര്‍ദ്ദത്തിനും ശാന്തിക്കും തുരങ്കം വെക്കുന്ന കപട നാണയങ്ങള്‍ നമ്മുടെ ചുറ്റിനുമുണ്ടെന്ന് മനസ്സിലാക്കി ജാഗരൂകരാവുക, കണ്ടെത്തുന്നവരെ ഒറ്റപ്പെടുത്തുക.

ഓരോ അക്രമങ്ങളേയും വസ്തു നിഷ്‌ഠമായി വിലയിരുത്തി നീതിപൂര്‍വ്വവും, ന്യായയുക്തവും, രാഷ്ട്രീയ പ്രേരിതവുമല്ല്ലാത്ത അന്വേഷണം നടത്തി അതിന്റെ പിന്നിലെ മൂല കാരണം കണ്ടെത്താന്‍ നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിനു കഴിയേണ്ടതുണ്ട്‌. ഇത്തരം കുറ്റ കൃത്യങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതിനും, അവ മുളയിലേ നുള്ളിക്കളയാന്‍ വേണ്ട അടിയന്തിയര നടപടികളെടുക്കാനും നമ്മുടെ ഭരണ വര്‍ഗ്ഗത്തിനും കഴിയണം. അതിനു ഏതു വിധത്തിലും അവരെ സഹായിക്കാന്‍ പൊതു സമൂഹം മുന്നോട്ടു വരേണ്ടതും അനിവാര്യമാണ്‌.

ശാന്തിയുടെയും സമാധാനത്തിന്റേയും നവലോകത്തിലേക്കു സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു ശ്വസിച്ച്‌ പിറന്നു വീഴാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വഴിയൊരുക്കുക. അതിനു എതിരു നില്‍ക്കുന്ന എല്ലാ ക്ഷുദ്ര ശക്തികളേയും നഖശിഖാന്തം എതിര്‍ത്തു തോല്‍പ്പിക്കുക.

അക്രമികളോടും അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരോടും ഒരു വാക്ക്‌...

ജന്മനാടിനെ ജീവനേക്കാള്‍ സ്നേഹിക്കുകയും അതിനു വേണ്ടി സര്‍വ്വസ്സ്വവും ഉപേക്ഷിക്കുകയും ചെയ്ത്‌ സാമ്രാജ്യത്വ ശക്തികളില്‍ നിന്നു പിടിച്ചു വാങ്ങിയ ഈ സ്വാതന്ത്ര്യം ഞങ്ങളാര്‍ക്കും വിട്ടു തരില്ല. പൊരിവെയിലത്തും, കൊടും മഴയത്തും, ശരീരമുറയുന്ന കൊടും തണുപ്പിലും, രാജ്യത്തിനു വേണ്ടി ജീവിതം തന്നെ ത്യജിക്കാന്‍ തയ്യാറായി അതിര്‍ത്തികളില്‍ തോളോട്‌ തോള്‍ ചേര്‍ന്നു കാവല്‍ നില്‍ക്കുന്ന ഇന്ത്യയുടെ പതിനായിരക്കണക്കിനു ചുണക്കുട്ടികളില്‍ ഹിന്ദുവും, മുസല്‍മാനും , ക്രിസ്ത്യാനിയും, സിഖുകാരനുമുണ്ട്‌. അവരുടെ ഉറച്ച കരങ്ങള്‍ക്കു കരുത്തും ഊര്‍ജ്ജവും, പ്രാര്‍ത്ഥനയുമായി നൂറ്‌ കോടിയോളം വരുന്ന ഒരു ജനതയുമുണ്ട്‌.